Wednesday, September 24, 2008

മണ്ണും ചാരി നിന്ന ഞാന്‍...

ര്‍ഇന്ന് എന്റെ ആദ്യരാത്രി. നേരം ഏറെയായി. അവള്‍ ഉറങ്ങിക്കാണുമോ.ഇല്ല. അവള്‍ ജനാലയ്ക്കരികില്‍ നില്‍ക്കുകയാണ്. പുറത്തെ ഇരുട്ടില്‍ തിളങ്ങുന്ന മിന്നാമിനുങ്ങുകളെ നോക്കിക്കൊണ്ട്.വിഷ്ണു ഉറങ്ങിക്കാണുമെന്നു കരുതി.' വിഷ്ണുപ്രിയ, അതാണെന്റെ പെണ്ണിന്റെ പേര്.കറണ്ടില്ലാത്തത് ഒരു തരത്തില്‍ ഭാഗ്യമായി. മെഴുകുതിരിയുടെ നേര്‍ത്ത വെട്ടത്തില്‍ തിളങ്ങുന്ന കണ്ണുകള്‍ റംബ്രാന്റിന്റെ പെയിന്റിംഗ് കാണുന്ന സുഖം.താഴെ അച്ഛന്റെ പൊട്ടിച്ചിരി. വാസുവേട്ടനുമായി കളി പറഞ്ഞിരിക്കുകയാണ്.ഇനി എപ്പോഴാണാവോ കിടക്കുക.മെഴുകുതിരിയുടെ കുഞ്ഞുവെളിച്ചം എന്റെ മുറി നിറയ്ക്കാന്‍ പണിപ്പെടുകയാണ്. ഇരുളും വെളിച്ചവും ഇണചേരുന്ന....ഇന്നെന്റെ ആദ്യരാത്രിയാണ്. പഞ്ചായത്ത് ഓഫീസിലെ ക്ലാര്‍ക്കായ പഴയ കൂട്ടുകാരന്റെ വാക്കുകളാണ് ഓര്‍മ്മ വന്നത്. ഒരു മണിക്കൂര്‍ കൊണ്ട് ഒരു യുഗത്തിന്റെ സൗഹൃദം രൂപപ്പെടുന്ന ആദ്യരാത്രി. അവന്റെ വിവാഹം കഴിഞ്ഞ മാസമായിരുന്നു.കറന്റുണ്ടായിരുന്നെങ്കില്‍ ഒരു പാട്ട് കേള്‍ക്കാമായിരുന്നു. പിരിമുറുക്കത്തില്‍ നിന്നും അയവുനേടാന്‍ സംഗീതത്തിന്റെ സാന്ത്വനം.അവളാണ് ദീര്‍ഘമൗനത്തിന് വിരാമമിട്ടത്. 'വിനുവേട്ടന് മുണ്ട് തീരെ ചേരുന്നില്ല.' 'എനിക്കും അതറിയാം. എന്നു വച്ച് കല്ല്യാണത്തിന് പേന്റിടാന്‍ പറ്റുമോ. താലികെട്ടുമ്പോ ഞാനനുവിച്ച ടെന്‍ഷന്‍. ഉടുത്താനിക്കാത്ത മുണ്ടാ ഇത്. ഞാനപ്പോഴെ പറഞ്ഞതാ പോളിസ്റ്റര്‍ വേണ്ട കോട്ടണ്‍ മതീന്ന്. അച്ഛന്‍ കേള്‍ക്കണ്ടേ. ആരുടെയോ ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. അല്ലേല് ഞാനും കുഞ്ഞിരാമനെപ്പോലെ....ദൈവമേ! കുഞ്ഞിരാമന്‍!കുഞ്ഞിരാമന്‍ എന്റെ സുഹൃത്തായിരുന്നു. ആയിരുന്നു എന്നു പറയുമ്പോള്‍ ഇപ്പോള്‍ അല്ല എന്നൊരു സൂചനയുണ്ടാവുന്നുണ്ടോ. കുഞ്ഞിരാമന്‍ എനിക്ക് പ്രിയപ്പെട്ടവനാണ്. അതേ അതാണ് ശരി. അവന്‍ എങ്ങനെയാണ് എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. മാടായി സൗത്ത് എല്‍.പി.സ്കൂളിലെ ഒന്നാം ക്ലാസ്സ്. ആദ്യ ദിവസം. എല്ലവര്‍ക്കും പുത്തനുടുപ്പും പുതിയ സ്ലേറ്റും പുസ്തകവുമുണ്ടായിരുന്നു.എല്ലാ കുട്ടികളും മത്സരിച്ച് കരഞ്ഞ ദിവസം. ഒരു കുട്ടി മാത്രം കരഞ്ഞില്ല. കരയുന്ന സഹപാഠികളെ നോക്കി സഹതാപപൂര്‍വ്വം ചിരിക്കുന്ന ആ കുഞ്ഞു മുഖം കാല്‍ നൂറ്റാണ്ടു കഴിഞ്ഞിട്ടും എന്റെ മനസ്സിലുണ്ട്. അവന്‍ കുഞ്ഞിരാമന്‍. കുടുക്കില്ലാത്ത കുപ്പായമിട്ടവന്‍. കാക്കി ട്രൗസറിന്റെ പിന്നില്‍ രണ്ട് വലിയ കീറലുമായി ആദ്യ ദിവസം സ്കൂളില്‍ വന്നവന്‍.അങ്ങനെ എങ്ങനെയോ, കുഞ്ഞിരാമന്‍ മമ്പാലക്കുന്നിലെ വിനോദ് കുമാറിന്റെ കൂട്ടുകാരനായി. ഒരു കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്. പത്താം ക്ലാസ് വരെ അവനെ എത്തിച്ചത് ഞാനാ. ഇംഗ്ലീഷ് വായിക്കാന്‍ പോലുമറിയാത്ത കുഞ്ഞിരാമന് ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുപ്പത്തി ഏഴാം മാര്‍ക്ക് കിട്ടിയത് കണ്ട് അമ്പരന്ന പപ്പന്‍ മാഷിനെ ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു.പത്താം ക്ലാസ്സിലും അവന്‍ പാസ്സാവുമായിരുന്നു. എന്നാല്‍ വിനോദ് കുമാറിലെ 'വി'യും കുഞ്ഞിരാമനിലെ 'കെ'യും ഞങ്ങളെ രണ്ട് ഹാളിലാക്കി. രണ്ട് വര്‍ഷം പ്രീഡിഗ്രി. അത് കഴിഞ്ഞ് ടി.ടി.സി. ആ രീതിയില്‍ ഞാന്‍ മുന്നോട്ട് പോയപ്പോള്‍ കുഞ്ഞിരാമന്‍ ബസ്സ് കഴുകാന്‍ പോയി. അവന്റെ അച്ഛന്‍ മുത്തപ്പന്‍ ബസ്സിലെ കിളിയായിരുന്നു. ടി.ടി.സി. കഴിഞ്ഞ് പണിയില്ലാതെ നടന്ന വര്‍ഷങ്ങള്‍.അച്ഛന്‍ മാഷായിട്ടെന്താ കാര്യം. അത്യാവശ്യത്തിനു പോലും അഞ്ചു പൈസ തരില്ല. അപ്പോഴൊക്കെ കുഞ്ഞിരാമനായിരുന്നു തുണ. അവന്റെ ചെലവില്‍ ഒരുപാട് സിനിമ കണ്ടിട്ടുണ്ട്. പ്രീതി ഹോട്ടലില്‍ നിന്നും പൊറോട്ടയും മസാലക്കറിയും കഴിച്ചിട്ടുണ്ട്. കുഞ്ഞിരാമന് വിനുവിനെ എന്തിഷ്ടമായിരുന്നു. എന്നാല്‍ ഞാന്‍. അച്ഛന്‍ റിട്ടയര്‍ ചെയ്തൊഴിവിലാണ് ഞാന്‍ ആ സ്കൂളില്‍ എത്തിയത്. അച്ഛനോട് പ്രത്യേക സ്നേഹമുള്ളതുകൊണ്ട് രണ്ടര ലക്ഷം കൊണ്ട് തൃപ്തിപ്പെടാന്‍ മാനേജര്‍ തയ്യാറായി. നല്ല ലാഭമാണ് എന്ന അഭിപ്രായം തന്നെയായിരുന്നു എല്ലാവര്‍ക്കും.സ്കൂളില്‍ എത്തിയതിന്റെ രണ്ടാം ദിവസം ഏഴാം തരം ബിയുടെ ബോര്‍ഡില്‍ ഇങ്ങനെ ഒരെഴുത്ത് പ്രത്യക്ഷപ്പെട്ടു. 'അസ്തിത്വവാദിക്ക് സ്വാഗതം. ' ഈ പിള്ളേര്‍ എവിടെ നിന്നാണ് ഇത്തരം വാക്കുകളൊക്കെ പഠിച്ചു വച്ചത്. എന്റെ ശരീരത്തെ കളിയാക്കിക്കൊണ്ടെഴുതിയതാണ്. എന്നാലും ഇത്രയും തടിച്ച ഷര്‍ട്ടിനടിയിലെ എന്റെ ശരീരത്തിന്റെ ഭൂമിശാസ്ത്രം, ഈ കിളിന്തു പിള്ളേര്‍ എങ്ങനെ കണ്ടുപിടിച്ചു. സ്കൂളില്‍ കുഞ്ഞിരാമനെനിക്കിട്ടൊരു പേരുണ്ട്. 'എല്ലേല്‍ ബി' . നാട്ടുകാരും മോശമല്ല.അച്ഛന് അവര്‍ കൊടുത്ത പേര് 'കൊട്ടന്‍ നാരായണന്‍ മാഷ് '. ഞാനങ്ങനെ നാട്ടുകാര്‍ക്ക് 'കൊട്ടന്‍ വിനുമാഷായി'. എന്നാലും അധികകാലം ഈ അപകര്‍ഷതാബോധം വേണ്ടെന്നാ ജിമ്മിലെ ഇന്‍സ്ട്രക്ടര്‍ ദിനേശന്‍ പറഞ്ഞത്. ഒരു മാസം കൊണ്ടു തന്നെ ചെറിയ മാറ്റമുണ്ടെന്ന് അവന്‍ പറഞ്ഞു. ചിലപ്പോള്‍ മാറ്റമുണ്ടായിരിക്കാം.ജിമ്മില്‍ പോകുന്നതുകൊണ്ട് അമ്മയുടെ വക ചീത്ത കേള്‍ക്കണം. അമ്മയെ കുറ്റം പറഞ്ഞുകൂട. എല്ലാ ദിവസവും പേന്റ്സും ബനിയനും തോര്‍ത്തും അലക്കിയിടണം. അമ്മയ്ക്ക് വയസ്സായി വരികയല്ലേ. രാവിലത്തെ ചോറിന്റെ കൂടെ ജിമ്മില്‍ ധരിക്കാനുള്ള വേഷം എടുത്തുവയ്ക്കുമ്പോഴാണ് അമ്മയുടെ സങ്കടം പറച്ചില്‍. മകനെ വേഗം കെട്ടിക്കണമെന്ന് അച്ഛനോട് പറഞ്ഞതും അങ്ങനെയൊരവസരത്തിലാണെന്നു തോന്നുന്നു.ജിമ്മിലൊന്നും പോകാതെ തന്നെ കുഞ്ഞിരാമന്റെ ശരീരം എത്ര സുന്ദരമായിരിക്കുന്നു. അതൊക്കെ ജനനഗുണമാണെന്നാണ് അവന്റെ വാദം.കുഞ്ഞിരാമന്‍ മുത്തപ്പന്‍ ബസ്സിന്റെ ടയറഴിക്കുന്നത് കാണേണ്ട കാഴ്ചയാണ്. മനുഷ്യ ശരീരത്തില്‍ ഇത്മാത്രം മസ്സിലുകളോ.സ്കൂളില്‍ ചേര്‍ന്നതിനു ശേഷം കുഞ്ഞിരാമനുമായുള്ള സൗഹൃദം ഒന്നുകൂടി ദൃഢമായി.അച്ഛന്റെ അളിയന്റേതാണ് മുത്തപ്പന്‍ ബസ്സ്. സ്കൂളിലേക്കുള്ള യാത്ര അതിലാക്കിയപ്പോള്‍ ലാഭം പതിനാല് രൂപ. എന്നാലും പാസ്സുമായി നില്‍ക്കുന്ന കുട്ടികളെപ്പോലെ ഡ്രൈവര്‍ ഉത്തമന്‍ കയറുന്നതുവരെ പുറത്ത് കാത്തു നില്‍ക്കണം.കിളി കുഞ്ഞിരാമനായതുകൊണ്ട് സീറ്റും കിട്ടും. അവന്റെ തൊട്ടു പിറകില്‍. കുഞ്ഞിരാമന്‍ എന്റെ മേല്‍ ചാഞ്ഞു നിന്നാണ് ബെല്ലടിക്കുക.ഒരു കിളിയുടെ എല്ലാ ഗുണങ്ങളും കുഞ്ഞിരാമനിലുണ്ടെന്ന് ഒരിക്കല്‍ അവന്റെ അളിയന്‍ എന്റെ അച്ഛനോട് പറഞ്ഞ കാര്യം ഞാന്‍ കുഞ്ഞിരാമനോട് പറഞ്ഞപ്പോള്‍ അവന്‍ നിഷേധിച്ചില്ല. നാവുകൊണ്ടോ ശരീരം കൊണ്ടോ അവനോട് മല്ലടിക്കാന്‍ ആ സ്റ്റാന്റില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.നെഞ്ച് പാതിയും കാട്ടി ലുങ്കി കയറ്റിക്കുത്തിയുള്ള അവന്റെ നടത്തത്തിന് വന്യമായ ഒരു സൗന്ദര്യമുണ്ട്. കുഞ്ഞിരാമന് എന്റെ വേഷത്തെക്കുറിച്ച് മാത്രമായിരുന്നു വിയോജിപ്പ്. പാന്റ്സ് സായിപ്പിന്റെ വേഷമാണെന്നാണ് അവന്‍ പറയുന്നത്.അന്നൊരിക്കല്‍ ക്ലിന്റന്റെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് മൂന്ന് മണിക്കൂറാണ് കുഞ്ഞിരാമന്‍ എനിക്ക് ക്ലാസ്സെടുത്തത്. അവനെങ്ങനെയാണ് ഇത്രയേറെ വിവരമുണ്ടായത്.ഒരിക്കല്‍ ജീന്‍സിട്ടതുകൊണ്ട് കുഞ്ഞിരാമന്‍ രണ്ടു ദിവസം എന്നോട് മിണ്ടിയില്ല. സത്യം പറഞ്ഞാല്‍ പോളിയോ ബാധിച്ചത് പോലുള്ള എന്റെ കാലുകളെ മറക്കുന്നത്മ്പാന്റ്സാണ്.ഷര്‍ട്ടൂരേണ്ടതുകൊണ്ട് മാത്രമാണ് ഭക്തനായിട്ടും അമ്പലത്തില്‍ പോകാത്തത്.കുഞ്ഞിരാമന് ലുങ്കിയുടുക്കാം. ബ്രസ്സീലിന്റെറോബര്‍ട്ടോ കാള്‍ലോസിന്റേതുപോലുണ്ട് അവന്റെ കാലുകള്‍. ജിമ്മിലെ ദിനേശന്‍ ധൈര്യപ്പെടുത്തിയ രാത്രിയില്‍ ഞാനൊരു സ്വപ്നം കണ്ടിരുന്നു. മുണ്ടും മടക്കിക്കുത്തി അമ്പലത്തില്‍ പോയി തൊഴുന്ന എന്നെ. അതിന് പ്രായശ്ചിത്തമായിട്ടാണ് പറശ്ശിനി മുത്തപ്പന് ഊട്ടും വെള്ളാട്ടവും നേര്‍ന്നത്.ഇന്നെന്റെ ആദ്യരാത്രി. എന്റെ ഭാര്യ വിഷ്ണുപ്രിയ. അവള്‍ കുഞ്ഞിരാമന്റെ പെണ്ണായിരുന്നു. ചെറുകുന്നിലെ അനന്തന്‍ ‍മാഷിന്റെ മകള്‍. വിമന്‍സ് കോളേജില്‍ രണ്ടാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു വിഷ്ണു.ബസ്സില്‍ വെച്ച് അവരുടെ നിശബ്ദമായ പ്രേമം ഞാന്‍ കണ്ടുപിടിച്ചപ്പോള്‍ കുഞ്ഞിരാമന്‍ ബിരിയാണി വാങ്ങിത്തന്നു. ഒരക്ഷരം പോലും മിണ്ടാതെ ആ കണ്ണുകള്‍ എന്തുമാത്രം കാര്യങ്ങളാണ്മ്പറയുന്നത്.ചെറുകുന്നില്‍ ബസ്സിറങ്ങിയാല്‍ പിന്നിലേക്ക് അല്പം നടന്ന് അവള്‍ തിരിഞ്ഞുനോക്കും. കുഞ്ഞിരാമന്‍ കയ്യുയര്‍ത്തിക്കാണിക്കും. ആ സമയത്തുള്ള വിഷ്ണുവിന്റെ ചിരി കാണേണ്ടതാണ്. പിന്നിലെ ചില്ലിലൂടെ ഞാനത് കണ്ടുപിടിച്ച ദിവസം കുഞ്ഞിരാമനെന്നെ ഫലൂദ കൊണ്ടാണ് സല്‍ക്കരിച്ചത്.
യാത്രക്കാരാരും കുഞ്ഞിരാമനെക്കുറിച്ച് മോശമായി പറയുന്നത് കേട്ടിട്ടില്ല. ബസ് സ്റ്റാന്റില്‍ നിന്നും കയറുന്ന കുട്ടികള്‍ക്ക് പോലും അവനെക്കുറിച്ച് നല്ല അഭിപ്രായമാണുണ്ടായിരുന്നത്. എന്നിട്ടും പള്ളിക്കുളം സ്റ്റോപ്പില്‍ നിന്നും കയറുന്ന ആണ്‍കുട്ടികളോട് കുഞ്ഞിരാമന്‍ ഉടക്കി. ഇറുകിയ ജീന്‍സും വിചിത്രമായ ഹെയര്‍സ്റ്റൈലുമാണ് കുഞ്ഞിരാമനെ പ്രകോപിപ്പിച്ചത് എന്നാണ് ആദ്യമെനിക്ക് തോന്നിയത്.പിന്നീടാണ് കാര്യത്തിന്റെ കിടപ്പ് മനസ്സിലായത്. പള്ളിക്കുളത്ത് നിന്നും കയറുന്ന കുട്ടികള്‍ വിഷ്ണുവിനെ ഉപദ്രവിക്കുന്നു. സത്യം പറഞ്ഞാല്‍ അതവന്റെ തോന്നല്‍ മാത്രമാണ്. അവളുടെ പിന്നില്‍ നിന്നും ആ പിള്ളേര്‍ എന്തൊക്കെയോ പറയുന്നു എന്നത് വാസ്തവം. എന്നാല്‍ കോളേജ് പിള്ളേര്‍ അതൊക്കെ സാധാരണ ചെയ്യുന്നതല്ലേ എന്നുവച്ച് അവനു പൊറുക്കാമായിരുന്നു. പക്ഷെ, വിഷ്ണുപ്രിയ അവന്റെ പെണ്ണായിരുന്നു. ബസ്സില്‍ നിന്നും ഇടയ്ക്കിടയ്ക്കുള്ള അവളുടെ കടാക്ഷം നഷ്ടപ്പെടുത്തുന്ന പള്ളിക്കുളത്ത് നിന്നും കയറുന്ന കുട്ടികളുടെ പ്രവൃത്തി അവന് സഹിക്കാനാവുന്നതല്ല.അതുകൊണ്ടാണ് ഇനിയൊരിക്കലും ആ കുട്ടികളെ മുത്തപ്പന്‍ ബസ്സില്‍ കയറ്റില്ലെന്ന് അവന്‍ ശപഥം ചെയ്തത്.കുഞ്ഞിരാമന്‍ ഒരിക്കല്‍ എന്റെ സ്കൂളിലും വന്നു. മുത്തപ്പന്‍ ബസ്സ് ബ്രേക്കെടുക്കാനുള്ള ഒരുക്കത്തില്വര്‍ക്ക് ഷോപ്പിലായിരുന്നു. ഏഴ് ബിയിലെ മലയാളം ക്ലാസ്സ്. ഒരു തമാശയ്ക്കാണ് വിചിത്രമായ ആ ചോദ്യം ചോദിച്ചത്. ആദ്യത്തെ ബെഞ്ചില്‍ മൂന്നാമതായിരുന്ന മണിക്കുട്ടിയോട്. 'പാഞ്ചാലിക്ക് ആ പേര് കിട്ടിയതെങ്ങനെ?' 'പഞ്ചപാണ്ഡവന്മാരുടെ ഭാര്യയായതുകൊണ്ട്.' ഒരു സംശയവുമില്ലാതെ ഉത്തരം.എന്ദെ പൊട്ടിച്ചിരി കുട്ടികളിലുണ്ടാക്കിയത് അമ്പരപ്പ്. 'അങ്ങനെയെങ്കില്‍ മൂന്ന് ഭര്‍ത്താക്കന്മാരുള്ളവരെ തീങ്കാലിയെന്ന് വിലിക്കാം അല്ലെ?' ഞാനങ്ങനെ പറഞ്ഞപ്പോഴാണ് കുട്ടികള്‍ക്ക് അബദ്ധം മനസ്സിലായത്. മണിക്കുട്ടിയുടെ മുഖം ചുവന്നു. അവള്‍ കരയുമെന്നായി. എനിക്കും സങ്കടം വന്നു. അത്രമാത്രം ഞാനാ കുട്ടിയെ ഇഷ്ടപ്പെട്ടിരുന്നു.ഒരിക്കല്‍ കുഞ്ഞിരാമനോട് മണിക്കുട്ടിയെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. അവളെപ്പോലൊരു മകളെനിക്കുണ്ടായിരുന്നെങ്കിലെന്ന് ഞാനാഗ്രഹിച്ചിരുന്നുവെന്ന് പറഞ്ഞതിന് അവനെന്നെ എന്തൊക്കെ പറഞ്ഞാ കളിയാക്കിയത്. കുട്ടികള്‍ക്ക് പാഞ്ചാലിയെക്കുറിച്ചും ദുശ്ശാസനന്‍ ചേലയഴിക്കുന്നതിനെക്കുറിച്ചും കൃഷ്ണന്‍ ചേല നല്‍കിയതിനെക്കുറിച്ചുമെല്ലാം വിസ്തരിച്ച് പഠിപ്പിക്കുന്നതിനിടയിലാണ് കുഞ്ഞിരാമന്‍ വന്നത്.പാഞ്ചാലിക്ക് ചേല കൊടുത്ത രംഗം നാടകീയമായി അവതരിപ്പിച്ചത് കുട്ടികള്‍ ശരിക്കും ആസ്വദിച്ചെന്നു തോന്നുന്നു. കുഞ്ഞിരാമന്‍ വന്നത് അത്യാവശ്യ കാര്യമുണ്ടെന്ന് പറഞ്ഞാണ്. അതുകൊണ്ട് ഹാഫ് ഡേ ലീവാക്കി.അവന് മണിക്കുട്ടിയെ കാണിച്ചു കൊടുത്തപ്പോഴാണ് ഒരു കാര്യം എന്ദെ ശ്രദ്ധയില്‍പ്പെടുത്തിയത്. അവള്‍ക്ക് വിഷ്ണുവിന്റെ നേരിയ ഛായ. അതേപോലെ വിടര്‍ന്ന കണ്ണുകളും ചുരുണ്ട മുടിയും. ജ്വല്ലറിയില്‍ കൂട്ടിനു പോകാനാണ് കുഞ്ഞിരാമന്‍ വന്നതെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ അര ദിവസത്തെ ലീവ് കളയേണ്ടായിരുന്നു. ലീവ് ഇനി അധികം എടുത്തുകൂടാ. അച്ഛന്‍ എന്റെ കല്ല്യാണക്കാര്യം സീരിയസ്സായി തന്നെ പരിഗണിക്കുന്നു.വിഷ്ണുവിന് സമ്മാനമായിക്കൊടുക്കാന്‍ ഒരു മോതിരം. അതായിരുന്നു കുഞ്ഞിരാമന്റെ ആവശ്യം. നീലക്കല്ലു വെച്ച മുക്കാല്‍ പവന്‍ വരുന്ന മോതിരം ഞാനാണ് തെരഞ്ഞെടുത്തത്. അവനും അത് ഏറെ ഇഷ്ടമായി. അന്നു രാത്രി വിഷ്ണുപ്രിയയെ ഞാന്‍ സ്വപ്നം കണ്ടു. മധുരമനോഹരസ്വപ്നം. കുഞ്ഞിരാമന്റെ പെണ്ണിനെ സ്വപ്നം കണ്ടതിന് ആ പകല്‍ മുഴുവന്‍ ഞാന്‍ സ്വയം കുറ്റപ്പെടുത്തി.ബ്രേക്ക് ടെസ്റ്റ് കഴിഞ്ഞ് സുന്ദരക്കുട്ടപ്പനായിട്ടാണ് അന്ന് മുത്തപ്പന്‍ ബസ്സ് വന്നത്. അതിന്റെ പെയിന്റ് മാറ്റിയിരിക്കുന്നു. കുഞ്ഞിരാമനും അങ്ങനെത്തന്നെ, നിറയെ പൂക്കളുള്ള ഫോറിന്‍ ലുങ്കിയാണ് എന്റെ കണ്ണില്‍ ആദ്യം പെട്ടത്. അവുളുക്കയുടെ ഗള്‍ഫ് ബസാറില്‍ നിന്നും ഇന്നലെവാങ്ങിയതാണെന്ന് അവന്‍ അഭിമാനത്തോടെ പറഞ്ഞു. ഷര്‍ട്ട് റെഡീമേഡ്. അതിനല്പം ഇറക്കം കുറഞ്ഞുപോയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കുഞ്ഞിരാമന് അത്ര പിടിച്ചില്ല. രാവിലത്തെ ട്രിപ്പില്‍ വിഷ്നുവിനെ കാണാത്തതുകൊണ്ട് അവന്‍ അല്പം അസ്വസ്ഥനായിരുന്നു. ബസ്സ് വര്‍ക്ക് ഷോപ്പില്‍ കയറ്റിയതിന്റെ തലേ ദിവസം പള്ളിക്കുളത്തെ കുട്ടികളുമായി ഉടക്കിയതിന് പ്രത്യാഘാതമുണ്ടാവുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ചു തള്ളി. അനന്തന്‍ മാഷിനോട് കല്ല്യാണക്കാര്യം സംസാരിക്കണമെന്ന് കുഞ്ഞിരാമന്‍ എനോട് ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ല. അനന്തന്മാഷ് അച്ഛന്റെ പരിചയക്കാരനാണ്. എന്നാലും ഇക്കാര്യം എങ്ങനെ അവതരിപ്പിക്കും. വിമന്‍സ് കോളേജ് സ്റ്റോപ്പില്‍ വിഷ്ണുവുണ്ടായിരുന്നു. നീല നിറത്തിലുള്ള പട്ടു പാവാടയും ജാക്കറ്റും അവളെ കൂടുതല്‍ സുന്ദരിയാക്കിയിരുന്നു.പതിവുപോലെ തിരിഞ്ഞുനോക്കി ഹൃദ്മായി അവളൊന്ന് ചിരിച്ചു. കുഞ്ഞിരാമന്റെ മനസ്സും ശരീരവും ഒരുപോലെ പ്രതികരിച്ചെന്നു തോന്നുന്നു. അവന്‍ എന്റെ കൈ പിടിച്ച് അമര്‍ത്തിക്കൊണ്ടാണ് അത് പ്രകടിപ്പിച്ചത്. ഇന്നലെ ചെറുകുന്നമ്പലത്തില്‍ വെച്ച് കണ്ടതും സംസാരിക്കാന്‍ ഒരുങ്ങിയപ്പോള്‍ അനന്തന്‍ മാഷെ കണ്ടതുകൊണ്ട് മുങ്ങിയതും അവനെന്റെ കാതില്‍ പറഞ്ഞു.പള്ളിക്കുളത്തെത്തിയത് എത്ര വേഗത്തില്‍. മുന്നില്‍ നിന്ന് ഒരു നേഷണല്‍ പെര്‍മിറ്റ് ലോറി വന്നതാണ് പ്രശ്നമായത്. അപ്പോഴേക്കും സുരേഷ് ബാബുവിന്റെ ഡ്രൈവര്‍ പ്രേമന്‍ മുത്തപ്പനെ ഓവര്‍ടേക്ക് ചെയ്തു. ഡ്രൈവര്‍ ഉത്തമന് ബ്രേക്ക് ചവിട്ടേണ്ടി വന്നു. കമ്പയില്‍ ചാരി നിന്ന കണ്ടക്ടര്‍ സന്തോഷ് വീണില്ല എന്നേയുള്ളൂ..... എല്ലാം സെക്കന്റുകള്‍ക്കുള്ളില്‍ സംഭവിച്ചു. ആ സമയത്ത് കോളേജ് പിള്ളേര്‍ ബസ്സില്‍ കയറാന്‍ ശ്രമിച്ചതും കുഞ്ഞിരാമന്‍ അവരെ തള്ളിയിടാന്‍ ശ്രമിച്ചതും മറ്റാരും ശ്രദ്ധിച്ചില്ല. കുട്ടികളിലൊരാള്‍ കുഞ്ഞിരാമന്റെ ലുങ്കി പിടിച്ചത് ബോധപൂര്‍വ്വമായിരുന്നോ. അവന്‍ നിന്നപ്പോള്‍ കുഞ്ഞിരാമന്റെ ലുങ്കി അവന്റെ കയ്യിലായി. ഒരു നിമിഷം കുഞ്ഞിരാമനില്‍ നിന്നും വിചിത്രമായൊരു ശബ്ദമുയര്‍ന്നു. അതാണ് കുഴപ്പമായത്. എല്ലാവരും തിരിഞ്ഞു നോക്കി. ഇറക്കം കുറഞ്ഞ ഷര്‍ട്ടിനു താഴെ ചുവന്ന നിറത്തില്‍ കൂറയരിച്ച അടിവസ്ത്രം. ബേഗില്‍ നിന്നും ഞാന്‍ തോര്‍ത്തെടുത്ത് കൊടുത്തപ്പോഴേക്കും എല്ലാവരും കണ്ടു കഴിഞ്ഞിരുന്നു. കുഞ്ഞിരാമന്റെ ശരീരത്തില്‍ നിന്നും വിയര്‍പ്പുചാലുകള്‍ അണപൊട്ടിയൊഴുകി. അവനെന്റെ മുഖത്തേക്കു നോക്കി. പരാജിതന്റെ നോട്ടം. പിന്നെ ആ തല കുനിഞ്ഞു. വിഷ്ണുവിന്റെ പ്രതികരണം പൂര്‍ണ്ണമായി ഞാന്‍ കണ്ടിരുന്നു. ഒരു നിമിഷം മാത്രം. അവള്‍ മുഖം തിരിച്ചുകളഞ്ഞു.പിറ്റേന്ന് ശനിയാഴ്ചയായിരുന്നു. എനിക്ക് സ്കൂളില്ല. കുഞ്ഞിരാമന്‍ ആ പയ്യനെ തേടിപ്പിടിച്ച് തല്ലിയെന്നും അവന്റെ പാര്‍ട്ടിക്കാര്‍ ഇടപെട്ടതുകൊണ്ട് മാത്രം കേസായില്ലെന്നും പിന്നീടറിഞ്ഞു. കുഞ്ഞിരാമനെ പിന്നെ കണ്ടില്ല. അവന്‍ എങ്ങോട്ടാണ് പോയത്.ഇന്ന് എന്റെ ആദ്യരാത്രി. ചെറുകുന്നിലെ അനന്തന്‍ മാഷിന്റെ ഏക മകള്‍ വിഷ്ണുപ്രിയയാണ് എന്റെ വധു. അവള്‍ കുഞ്ഞിരാമന്റെ പെണ്ണായിരുന്നു. വിഷ്ണുവെങ്ങനെ എന്റേതായി. ആ അത്യാഹിതം തന്നെയാണ് കാരണമെന്നു തോന്നുന്നു. അതൊരു പ്രണയമായി വികസിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. പെണ്ണിന്റെ മനസ്സ് മാറുന്നത് എത്ര വേഗത്തിലാണ്. പാഞ്ചാലിക്ക് ചേല നല്‍കിയ കൃഷ്ണനെ ഒരു രാത്രിയില്‍ ഞാന്‍ സ്വപ്നം കണ്ടിരുന്നു. വിഷ്ണുവില്‍ നിന്നും അകലാനുള്ള എന്റെ ശ്രമങ്ങളോരോന്നും പരാജയമായി. ഞാനവളോട് കൂടുതല്‍ അടുത്തു.പഴയതിന്റെ ആവര്‍ത്തനമായി ഒരു നി‍ശബ്ദ പ്രണയം. അനന്തന്‍ മാഷോട് അവള്‍ തന്നെയാണ് പറഞ്ഞത്. മാഷ് എന്റെ അച്ഛനോട്. കാര്യങ്ങള്‍ എത്ര വേഗത്തിലാണ് നീങ്ങിയത്. ജാതക പൊരുത്തം ഉത്തമത്തിലാണെന്ന് പറഞ്ഞപ്പോള്‍ ആശ്വാസമായി. ഇന്ന് എന്റെ ആദ്യരാത്രി. ചോദിക്കരുതെന്ന് ആഗ്രഹിച്ച ചോദ്യം.പക്ഷെ' വിഷ്ണു നീ പിണങ്ങരുത്. ഒരു കാര്യം ചോദിച്ചോട്ടെ.'' എന്താ?'' നീയെന്താ കുഞ്ഞിരാമനെ വിട്ട് എന്നെ സ്നേഹിച്ചത്.'വേണ്ടായിരുന്നു. ദഹിപ്പിക്കുന്നൊരു നോട്ടം.പിന്നെ ഒരു പൊട്ടിക്കരച്ചില്‍. ഒരു തരത്തില്‍ അത് നന്നായി. അവളിപ്പോള്‍ എന്നോട് ചേര്‍ന്ന് നില്‍ക്കുകയാണ്. എല്ലിന്‍ കൂട് മാത്രമായ എന്റെ നെഞ്ചില്‍ മുഖം ചേര്‍ത്ത്.... ജീവിതത്തില്‍ മറ്റാരെയും സ്നേഹിച്ചിരുന്നില്ലെന്നും ബസ്സില്‍ നിന്നും തിരിഞ്ഞു നോക്കിയിരുന്നത് പോലും എന്നെയാണെന്നും വിഷ്ണു പറഞ്ഞത് ഞാന്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞാണ് അവളെ സമാധാനിപ്പിച്ചത്. നീയൊരു പഠിച്ച കള്ളിയാണെന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞത് അവള്‍ കേട്ടില്ല.' എടാ വിനു ഇങ്ങോട്ടൊന്ന് വന്നേ'അച്ഛന്‍. കൊല്ലാനുള്ള ദേഷ്യം വന്നു. പുറത്തിറങ്ങുന്നതിനു മുന്‍പ് അവളുടെ കവിളില്‍ ഒന്ന് തലോടി.' എന്താ അച്ഛാ?'' ആരോ കാണാന്‍ വന്നിരിക്കുന്നു.'ഇരുട്ടില്‍ ഒരാള്‍. അതേ, കുഞ്ഞിരാമനാണ്. ഒരു ഇടിമിന്നല്‍ എന്നെ ദഹിപ്പിച്ചെങ്കില്‍! അവനാണ് എന്റെ കൈ പിടിച്ചത്.' ഇന്നത്തെ പത്രത്തില്‍ ഫോട്ടോ കണ്ടപ്പോഴാണ് അറിഞ്ഞത്. ഞാന്‍ കോയമ്പത്തൂരിലായിരുന്നു. കഴിഞ്ഞ ആഴ്ച പയ്യന്നൂരില്‍ വന്നു. അവിടെ എളേമ്മയുടെ വീട്ടില്‍. രാത്രിയാണ് പത്രം നോക്കിയത്. സന്തോഷമായി. നിന്നെ അഭിനന്ദിച്ചില്ലെങ്കില്‍ എനിക്കുറക്കം വരില്ല. എനിക്കു ദേഷ്യമൊന്നുമില്ല. വളരെ വളരെ സന്തോഷം....'' കുഞ്ഞിരാമാ...'' ഞാന്‍ പോവ്യാ. അതിനു മുമ്പ് ഒരു കാര്യം കൂടി. ഇത് നീ അവള്‍ക്ക് കൊടുക്കണം. എന്റെ വിവാഹസമ്മാനം.'കുഞ്ഞിരാമന്‍ അതെന്റെ കയ്യില്‍ വെച്ച് ഇരുട്ടിലേക്ക് മറഞ്ഞു. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. അവന്‍ ജീന്‍സാണ് ധരിച്ചിരിക്കുന്നത്. അതും ഷര്‍ട്ട് ഇന്‍സൈഡ് ചെയ്ത്....പരിചിതമായ കോണിപ്പടികള്‍ എവറസ്റ്റ് പോലെ തോന്നി.' ആരാ വന്നത്. '' ഒരു പരിചയക്കാരന്‍.'അവളെന്തോ പിറുപിറുത്തു.' പിന്നെ ഒരു കാര്യം മറന്നു. നിനക്ക് തരാന്‍ ഞാനൊരു സമ്മാനം വാങ്ങിയിരുന്നു.'നീലക്കല്ല് വെച്ച മോതിരം കണ്ടപ്പോള്‍ വിഷ്ണു തുള്ളിച്ചാടി.' എനിക്ക് നീലക്കല്ലുകളോടാണിഷ്ടം എന്നെങ്ങനെ മനസ്സിലായി. പിന്നെ ഈ മൂക്കുത്തിയുടെ കല്ലും നീലയാക്കണം.'ഇന്ന് എന്റെ ആദ്യരാത്രി. വിഷ്ണു ഇപ്പോള്‍ എന്നോട് പറ്റിച്ചേര്‍ന്ന് കിടക്കുന്നു. എന്റെ മനസ്സ് മാത്രം ആ മുറിയില്‍ നിന്നില്ല.കുഞ്ഞിരാമന്‍ എങ്ങോട്ടായിരിക്കും അവസാനമായി പുറപ്പെട്ടത്.

Thursday, October 25, 2007

സൈക്കിള്‍

നഗരഹൃദയത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നബഹുനില കെട്ടിടത്തിന്റെ ഏഴാമത്തെ നിലയിലിരുന്നാണ്‌ഈ വാക്കുകള്‍ കുറിക്കുന്നത്‌.താഴെ സൈക്കിള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ്‌ നടക്കുകയാണ്‌ വിരസമാണ്‌ സിനിമയുടെ ഷൂട്ടിംഗ്‌.വിനീത്ശ്രീനിവാസനും ഭാമയുമാണ്‌ പ്രധാന താരങ്ങള്‍അല്‍പനേരം അവിടെ ചെലവഴിച്ചു.ഞാന്‍ പക്ഷെ, മനസ്സുകൊണ്ട്‌ എന്റെ പൂന്തോട്ടത്തിലാണ്‌മമ്പാലക്കുന്നില്‍

Wednesday, October 24, 2007

നീലപ്പൂക്കള്‍

ഓരൊ ഋതുവിലും മമ്പാലയ്ക്ക്‌ ഓരൊ മുഖമാണ്‌ഓണക്കാലത്ത്‌ പാറപ്പുറം നീലപ്പൂക്കള്‍ കൊണ്ട്‌ മൂടുംസഞ്ചാരികളുടെ പ്രിയപ്പെട്ട സീസണും ഓണക്കാലം തന്നെയാണ്‌നൂറുകണക്കിന്‌ പക്ഷികള്‍വിരുന്നിനെത്തുന്നതുംഓണക്കാലത്തുതന്നെ

Monday, October 15, 2007

മമ്പാലക്കുന്നിനെക്കുറിച്ച്‌ നിങ്ങള്‍കേട്ടിരിക്കാന്‍ ഇടയില്ലമാടായിപ്പാറയുടെ പടിഞ്ഞാറെചരിവിനെയാണു മമ്പാലക്കുന്ന്എന്ന് വിളിക്കുന്നത്‌അവിടെ പൂമ്പാറ്റകളുടെഒരു ഉദ്യാനമുണ്ട്‌അതിനുതൊട്ടടുത്താണുഎന്റെ കൊച്ചുവീട്‌തുടരും...........
മമ്പാലക്കുന്നിലേക്ക്‌ സ്വാഗതം.